Tuesday, December 08, 2009

ശിശിരത്തിലൊരു വേനല്‍ക്കാഴ്ച

മേലെ വാനത്ത് വേനലാണ്.
മൂത്തുപൊട്ടി പറക്കുന്നുണ്ട്,
നനുനനുത്തൊരുള്ളു കാട്ടി
പരുപരുത്ത പരുത്തിക്കായകള്‍.

Friday, December 04, 2009

മഞ്ഞ്; രാഷ്ട്രീയവല്‍കൃതം

അമേരിക്കയില്‍
മഞ്ഞ് പൊഴിയുന്നെന്ന്!

പ്രബുദ്ധരായ ജനങ്ങളേ...
നിങ്ങള്‍ക്കറിയുമോ?

അവിടെ മഞ്ഞ് പൊഴിയുന്നെങ്കില്‍,
മഞ്ഞ് പൊഴിയുന്നു
എന്നവര്‍ പറയുന്നെങ്കില്‍,
നിങ്ങളറിയണം,
നമ്മള്‍ തിരിച്ചറിയണം,
അത് മഞ്ഞല്ല!

ലോമകമെമ്പാടുമുള്ള,
അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍,
പശിയകറ്റാന്‍
ഒഴുക്കുന്ന വിയര്‍പ്പുമണികള്‍
നീരാവിയാകുമ്പോള്‍...
അതിലെ ഉപ്പുകണികകള്‍ ,
മുതലാളിത്തത്തിനു നേരെയുതിര്‍ക്കുന്ന
ഉപ്പുസത്യാഗ്രഹമാണ്

നമ്മള്‍ ഉപ്പെന്നും
അവര്‍ മഞ്ഞെന്നും പറയുന്നത്
നമ്മുടെ ഉപ്പാണ്, വിയര്‍പ്പാണ്,
നമ്മുടെയോരോരുത്തരുടെയും
പ്രയത്നഫലമാണ്.

അമേരിക്കയെ
ഉപ്പു പാടങ്ങളാക്കുന്നത്
നമ്മളാണ് ജനങ്ങളേ നിങ്ങളാണ്!

Thursday, December 03, 2009

വിരോധാഭാസം

വാകീറിയ ദൈവത്തിന്റെ,
വായിലേക്കാണല്ലോ ദൈവമേ,
ഞാന്‍ പിറന്ന് വീണത്‌.

Monday, November 30, 2009

A Victorian romance *

A Victorian romance; ഋതുഭേദങ്ങളെ കുറിച്ച് Indian Express expressbuzz-ല്‍ 2009 നവബര്‍ 24, 27 തീയതികളിലായി തിരുവനന്തപുരം, കൊച്ചി എഡിഷനുകളില്‍ വന്ന വാര്‍ത്ത.

പ്രത്യക്ഷമായോ പരോക്ഷമായോ നിങ്ങള്‍ ഒരോരുത്തരോടും ഈ നിമിത്തതിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു. നന്ദി; സന്തോഷം!

പ്രസ്തുത വാര്‍ത്തയുടെ പ്രിന്റ് എഡിഷന്‍ രണ്ടും ഒരു pdf ഫയല്‍ ആയി കൂടെ ചേര്‍ക്കുന്നു.


Ie-DonaMayoora-nov-24n27

* © Indian Express

Monday, November 16, 2009

ചില്ലകളല്ലെ ചില്ലകളല്ലെ...

നീയെന്നെ കടന്നു പോകുമ്പോള്‍
ഞാനൊരു വൃക്ഷമായിരുന്നു,
വേരുകളാഴത്തിലേക്കാഴ്ത്തിയിറക്കി
ഒരു ചെറുകാറ്റില്‍ പോലും ഉലയില്ലെന്നുറച്ച്.

പക്ഷേ ചില്ലകളില്ലെ ചില്ലകളല്ലെ,
അവ കേള്‍ക്കണ്ടേ?

നീ അരികിലെത്തിയ നേരം
എനിക്ക് നിന്നോടു പറയുവാനുള്ള
വാക്കുകളെല്ലാം നിഴലുകളായി പരിണമിച്ചു.

ആയിരംവിരലുകള്‍നീട്ടിയെന്റെ
നിഴലുകള്‍ നിന്നെ പുണര്‍ന്നെന്നും
സര്‍വ്വാംഗം ചുംബിച്ചെന്നും കണ്ടുനിന്നവര്‍.

പക്ഷേ നിനക്കാ വാക്കുകള്‍
കേള്‍ക്കാനാകുമായിരുന്നില്ല.

എന്റെ തായ്ത്തടിയിൽ ചാരി,
ആ നിഴലിൽ അൽ‌പ്പനേരം വിശ്രമിച്ച്
നീ കടന്നു പോയി.

നീയെന്നെ കടന്നു പോകുമ്പോള്‍
ഞാനൊരു വൃക്ഷമായിരുന്നു.
വേരുകളാഴത്തിലേക്കാഴ്ത്തിയിറക്കി
ഒരു ചെറുകാറ്റില്‍ പോലും ഉലയില്ലെന്നുറച്ച്.

പക്ഷേ ചില്ലകളില്ലെ ചില്ലകളല്ലെ,
അവ കേള്‍ക്കണ്ടേ?